അട്ടപ്പാടി വനത്തില്‍ കാട്ടാന ആക്രമണം; കടുവ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

Update: 2025-12-06 11:42 GMT

പാലക്കാട്: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കടുവ സെന്‍സസ് ബ്ലോക്ക് നമ്പര്‍ 12 -ല്‍ സെന്‍സസിനു പോയതായിരുന്നു സംഘം.

അഗളി നെല്ലിപ്പതി ഉന്നതിയിലാണ് കാളിമുത്തുവിന്റെ വീട്. ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരികെ വരുന്നതിനിടയില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയില്‍.

കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ള ഉദ്യോഗസ്ഥര്‍ വനംവകുപ്പില്‍ അറിയിച്ചതിനു പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. മുള്ളി വനം മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാന ആക്രമണമുള്ള സ്ഥലമാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുതൂര്‍ റേഞ്ചില്‍ 5 അംഗ വനംവകുപ്പ് സംഘം കടുവാ സെന്‍സസിനിടെ കാട്ടില്‍ കുടുങ്ങിയിരുന്നു. വഴിതെറ്റിയ ഇവരെ 18 മണിക്കൂറിനുശേഷമാണ് തിരികെയെത്തിച്ചത്. ''ആന പെട്ടെന്നു ഞങ്ങളുടെ മുന്നില്‍ വന്നു. മൂന്നുപേരും ഒരേ വഴിക്കാണ് ആദ്യം ഓടിയത്. പിന്നീട് മൂന്നു വഴിക്കായി. അപ്പോഴാണ് കാളിമുത്തു ആനയുടെ മുന്നില്‍പ്പെട്ടത്'' ഒപ്പമുണ്ടായിരുന്ന വാച്ചര്‍ അച്യുതന്‍ പറഞ്ഞു. അച്യുതന് തലയ്ക്കും കൈയ്ക്കും പരുക്കുണ്ട്.

Similar News