'രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയും'; റിനി ആന്‍ ജോര്‍ജിന് വധഭീഷണി; വീടിനു മുന്നില്‍ അതിക്രമം നടത്തിയെന്ന് റിനി

'രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയും'; റിനി ആന്‍ ജോര്‍ജിന് വധഭീഷണി

Update: 2025-12-06 08:02 GMT

കൊച്ചി: യുവനടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി. വെള്ളിയാഴ്ച രാത്രി രണ്ടുപേര്‍ വീടിനു മുന്നില്‍ രണ്ടുപേര്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായി റിനി ആരോപിച്ചു. വീടിന്റെ ഗെയ്റ്റ് തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും റിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.

പറവൂരിലുള്ള റിനിയുടെ വീടിന് മുന്നില്‍ രാത്രി ഒന്‍പതരയോടെ ഒരാള്‍ സ്‌കൂട്ടറിലെത്തി. ഇയാള്‍ ഗെയ്റ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമം നടത്തി. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ സ്‌കൂട്ടറില്‍ക്കയറി രക്ഷപ്പെട്ടു. പിന്നീട് രാത്രി പത്തുമണിയോടെ ബൈക്കുമായി മറ്റൊരാളും വീടിന് മുന്നിലെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഉച്ചത്തില്‍ ഭീഷണി മുഴക്കി. ഇതോടെ വീട്ടുകാര്‍ വീണ്ടും പുറത്തിറങ്ങിയതോടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് റിനി പരാതിപ്പെട്ടിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും റിനി നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകള്‍ നടത്തിയതും പരാതി നല്‍കിയതും.

Tags:    

Similar News