ദൃശ്യങ്ങള്‍ വില്‍പനയ്ക്ക് എത്തിച്ചവരുടെ ഐപി അഡ്രസുകളും പണം നല്‍കി ഇതു വാങ്ങി കണ്ടവരുടെ ഐപി വിലാസവും പൊലീസ് ശേഖരിച്ചു; തിയേറ്റര്‍ ദൃശ്യങ്ങള്‍; സിസിടിവി പരിശോധിച്ച് അന്വേഷണ സംഘം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന് അശ്ലീല സൈറ്റുകളില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പൊലീസ്. ഇത്തരം ദൃശ്യങ്ങള്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ശേഷം ലിങ്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പണം നല്‍കി കാണാന്‍ കഴിയുന്ന തരത്തിലാണ് ഇവ പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് അപ്ലോഡ് ചെയ്ത ഒരു സൈറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
ദൃശ്യങ്ങള്‍ വില്‍പനയ്ക്ക് എത്തിച്ചവരുടെ ഐപി അഡ്രസുകളും പണം നല്‍കി ഇതു വാങ്ങി കണ്ടവരുടെ ഐപി വിലാസവും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ദൃശ്യങ്ങള്‍ ആദ്യമായി അപ്ലോഡ് ചെയ്തവരുടെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ തിയറ്റുകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെ എന്നതു സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.