റവന്യൂവകുപ്പ് വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ക്ക് പണം നല്‍കിയിട്ട് ആറുമാസം; സംസ്ഥാനത്താകെ വാടക നല്‍കാനുള്ളത് 214 വാഹനങ്ങള്‍ക്ക്
വാടക വാഹനങ്ങൾക്ക് പണം നൽകിയിട്ട് ആറുമാസം
കൊല്ലം: റവന്യൂവകുപ്പ് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ക്ക് വാടക നല്‍കിയിട്ട് ആറുമാസം. ഒരു വാഹനത്തിന് 35,000 രൂപ മാസവാടക നിശ്ചയിച്ച് ഈ വാഹന ഉടമകളുമായി കരാറുണ്ടാക്കുകയായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതമൂലമാണ് വാടക മുടങ്ങുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്താകെ 214 വാഹനങ്ങള്‍ക്കാണ് വാടക നല്‍കാനുള്ളത്.
ഭൂമി തരംമാറ്റം വഴി സര്‍ക്കാരിന് ഫീസായി കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഉള്ളതുകൊണ്ടാണ് ഫണ്ട് നല്‍കാത്തതെന്നാണ് വിവരം. റവന്യൂവകുപ്പ് പ്രത്യേക ഫണ്ട് അനുവദിച്ച് ഇവര്‍ക്ക് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടന്നിട്ടില്ല.
ഭൂമി തരംമാറ്റല്‍ ഫീസായി സര്‍ക്കാരിന് ലഭിച്ച പണത്തില്‍നിന്ന് 2,000 കോടിയോളം രൂപ കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി നേരിടുകയാണ് സര്‍ക്കാര്‍. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച കുറ്റം ചുമത്തിയിരുന്നു.