കണ്ണൂര്‍ പഴയങ്ങാടിയില്‍ കൊട്ടിക്കലാശത്തില്‍ അക്രമം; സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ചു; പരുക്കേറ്റ മുബാസ് ആശുപത്രിയില്‍
കണ്ണൂര്‍ പഴയങ്ങാടിയില്‍ കൊട്ടിക്കലാശത്തില്‍ അക്രമം
കണ്ണൂര്‍ : ജില്ലയിലെ പഴയങ്ങാടിയില്‍ യു.ഡി എഫ് കൊട്ടിക്കലാശത്തില്‍ അതിക്രമിച്ചു കയറി സി.പി.എം പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് മാടായി ഡിവിഷന്‍ യു ഡി. എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് മുബാസിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് അടിയേറ്റ പരുക്കുകളോടെ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് - യു ഡി. എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
അതേസമയംതദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണ രംഗത്തിന് കണ്ണൂര്‍ കോര്‍പറേഷനില്‍ ആവേശകരമായ കൊട്ടിക്കലാശത്തോടെ ചൊവ്വാഴ്ച്ച വൈകിട്ട് ആറു മണിക്ക് സമാപനമായി. മൂന്നു മുന്നണികളുടെയും ശക്തി പ്രകടനത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ശബ്ദ പ്രചാരണത്തിന് സമാപനമായത്.
കണ്ണൂര്‍ തെക്കിബസാറില്‍ നിന്നാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം പ്രകടനമായി ആരംഭിച്ചത്. നേതാക്കളായ സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ,മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍ ചന്ദ്രന്‍ ,എം. പ്രകാശന്‍ കെ.പി.സഹദേവന്‍ സി.പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിചേര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡിലാണ് പ്രകടനം അവസാനിച്ചത്. തുടര്‍ന്ന് നേതാക്കള്‍ സംസാരിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരു സ്ഥലം കേന്ദ്രീകരിച്ച യുഡിഎഫ് കൊട്ടിക്കലാശം ഉണ്ടായില്ല. ഡിവിഷനുകളിലായിട്ടായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടത്തിയത്. എന്‍.ഡി.എ യുടെ കൊട്ടിക്കലാശം പ്രഭാത് ജംഗ്ഷനില്‍ നിന്നാണ് തുടങ്ങിയത്. ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി ദേശീയ സമിതി അംഗം സി.രഘുനാഥ്, ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, യു.ടി. ജയന്തന്‍ തുടങ്ങിയവര്‍ നയിച്ച പ്രകടനം മുനീശ്വരന്‍ കോവില്‍ ജംങ്ഷനിലാണ് സമാപിച്ചത്.