വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി; പനമരം കണിയാമ്പാറ്റ പഞ്ചായത്ത് വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി
വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി; പനമരം കണിയാമ്പാറ്റ പഞ്ചായത്ത് വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി
കല്‍പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാര്‍ഡുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വയനാട് പച്ചിലക്കാട് പടിക്കം വയലില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് നാട്ടുകാര്‍ കടുവയെ കണ്ടത്.
നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനില്‍ പടിക്കംവയലില്‍ ജോണി തൈപ്പറമ്പില്‍ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് കടുവയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞു. ഉന്നതിയിലെ വിനുവാണ് തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.
കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത പ്രദേശമായ കണിയാമ്പറ്റ മില്ലുമുക്ക് കൂടോത്തുമ്മലിലും കടുവപ്പേടിയിലായി. കടുവയെ കണ്ട സ്വകാര്യതോട്ടത്തിലെ ഇലക്ട്രിക് ടവറിന് കീഴില്‍ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോണ്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മാനന്തവാടി, കല്‍പറ്റ ആര്‍.ആര്‍.ടി സംഘങ്ങള്‍ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി തെര്‍മല്‍ ഡ്രോണും മറ്റും ഉപയോഗിച്ചുള്ള പരിശോധന തുടരുന്നുണ്ട്. കമ്പളക്കാട്, പനമരം പൊലീസും സ്ഥലത്തുണ്ട്.
പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തില്‍ കടുവ എങ്ങനെയെത്തി എന്നതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം. പച്ചിലക്കാട്‌നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രദേശങ്ങളില്‍ അധികവും വയല്‍ പ്രദേശമാണ്.
അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയല്‍-നെയ്ക്കുപ്പയില്‍ നിന്ന് എളുപ്പത്തിലെത്തിച്ചേരാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മാസങ്ങള്‍ക്ക് മുമ്പ് വനപ്രദേശത്തിനോട് ചേര്‍ന്ന നെയ്ക്കുപ്പ എ.കെ.ജി കവലയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. അന്ന് കടുവയെ കണ്ടെത്താനായിരുന്നില്ല.
ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശപ്രകാരമുള്ള ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉത്തരമേഖലാ സി.സി.എഫ് മുമ്പാകെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നല്‍കും. ഈ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
