പനമരത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും; സ്‌കൂളുകള്‍ക്ക് ഇന്നും അവധി

പനമരത്തെ കടുവയെ മയക്കുവെടിവയ്ക്കും

Update: 2025-12-17 01:48 GMT

വയനാട്: പനമരത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനം. കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിച്ചു. രാവിലെ ആര്‍.ആര്‍.ടി സംഘം തെര്‍മല്‍ ഡ്രോണില്‍ കടുവയെ ലൊക്കേറ്റ് ചെയ്യാന്‍ ശ്രമം തുടങ്ങി. കടുവ ഇന്നലെ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക പരത്തിയിരുന്നു. അതിനാല്‍ പനമരം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങ് തുടരുകയാണ്.

മേച്ചേരിയിലെ വയല്‍തുരുത്തില്‍ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ ജനവാസ മേഖലയിലേക്ക് ഓടിയത് രാത്രി ആശങ്ക പരത്തിയിരുന്നു. വയല്‍ കടന്ന് തോട്ടത്തിലെത്തിയ കടുവ കല്‍പ്പറ്റ-മാനന്തവാടി ഹൈവേയോട് ചേര്‍ന്നുള്ള എരനല്ലൂരില്‍ എത്തി. തെര്‍മല്‍ ഡ്രോണ്‍ വഴി രാത്രി നിരീക്ഷണം തുടര്‍ന്നെങ്കിലും കടുവ കാണാമറയത്ത് ആണ്.

പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം, അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

Tags:    

Similar News