ലക്കിടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; അമ്മയും അഞ്ചു വയസ്സുള്ള മകളും മരിച്ചു
പാലക്കാട്: ലക്കിടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ അമ്മയും അഞ്ചു വയസ്സുള്ള മകളും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യയും മകള്‍ ആദിശ്രീയുമാണ് അപകടത്തില്‍ ജീവന്‍ വെടിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ ശരണ്യയും മകളും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. തിരുവില്വാമലയിലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുന്നതിനിടെയാണ് വിധിയുടെ രൂപത്തില്‍ ടിപ്പര്‍ എത്തിയത്. പരിക്കേറ്റ മോഹന്‍ദാസ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.