ബംഗ്ലാദേശ് ആശങ്ക: പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയായാല്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ മസൂദ് എംപി
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയാല്‍ തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെപ്പോലെ അവര്‍ ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ നല്‍കിയ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് പ്രിയങ്കയെന്നും, അധികാരം ലഭിച്ചാല്‍ അവര്‍ രാജ്യത്തിന്റെ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ പ്രിയങ്ക ഗാന്ധി നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അയല്‍രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്നും പ്രിയങ്ക എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും മതം, ജാതി, ഐഡന്റിറ്റി എന്നിവയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.