അച്ഛന് ജനങ്ങള്‍ നല്‍കിയ സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്‌കാരം: വി എ അരുണ്‍കുമാര്‍; പ്രതികരിച്ച് വിഎസിന്റെ മകന്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐ എം സ്ഥാപകനേതാക്കളിലൊരാളുമായ വി എസ് അച്യുതാനന്ദന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മകന്‍ വി എ അരുണ്‍കുമാര്‍. പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്നും, എന്നാല്‍ സാധാരണ ജനങ്ങള്‍ അച്ഛന് നല്‍കുന്ന സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ അം?ഗീകാരമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
പുന്നപ്ര- വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മര്‍ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.
ഈ ആദരത്തെ ജനങ്ങള്‍ അച്ഛന് നല്‍കുന്ന സ്‌നേഹമായി കാണുന്നു. എന്നാല്‍, ഒരു രാഷ്ട്രം നല്‍കുന്ന അംഗീകാരം എന്ന നിലയില്‍ പത്മവിഭൂഷണ്‍ എന്നത് വലിയൊരു പുരസ്‌കാരം തന്നെയാണെന്നും അതില്‍ കുടുംബം അതീവ സന്തുഷ്ടരാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.