കല്യാണ ചെലവിലേക്ക് പണം കണ്ടത്താന്‍ മോഷണം; നാട് വിടാനൊരുങ്ങവെ കള്ളന്‍ പിടിയില്‍; അസം സ്വദേശി അറസ്റ്റില്‍
മലപ്പുറം: വിവാഹ ചെലവിന് പണം കണ്ടെത്താന്‍ മോഷണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ അസം സ്വദേശി അറസ്റ്റില്‍. മലപ്പുറം അരീക്കോട് കടകളില്‍ മോഷണം നടത്തി നാട് വിടാനൊരുങ്ങവെയാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളില്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി നാഗോണ്‍ ജിയാബുര്‍ ആണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായത്.
അരീക്കോട് ബസ്റ്റാന്‍ഡ് പരിസരത്തെ മൊബൈല്‍ ഷോപ്പ് അടക്കം നാലു കടകളിലാണ് ഇയാള്‍ മോഷണം നടത്തിയത്. പൂട്ടു പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ഇയാളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
സ്വദേശമായ അസമിലേക്ക് കടക്കാനായിരുന്നു പ്ലാന്‍. ഒരു കടയില്‍ നിന്ന് ഇരുപതിനായിരം രൂപ പ്രതി മോഷ്ടിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് പ്രതിയുടെ വിവാഹമാണ്. ചെലവിലേക്ക് പണം കണ്ടെത്താന്‍ കൂടി വേണ്ടിയായിരുന്നത്രെ മോഷണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നേരത്തേയും മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.