തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2026-02-27 09:01 GMT

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജി.എ.എസ്.ഐ സിജുമോന്‍, സി.പി.ഒ സുനില്‍, സി.പി.ഒ ഗിരീഷ്, ജി.എസ്.ഐ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തുകയും സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തതിനാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ പുറത്താക്കിയത്.

കൊച്ചി പോലീസ് പിടികൂടി ഫോര്‍ട്ട് പോലീസിന് കൈമാറിയ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവര്‍ക്കാണ് കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റത്. വാഹനത്തിനുള്ളിലിട്ട് പട്ടിക കഷ്ണം കൊണ്ട് മര്‍ദ്ദിച്ചുവെന്ന് പ്രതികള്‍ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൂട്ടുപ്രതിയായ ഉണ്ണിയും നിലവില്‍ ചികിത്സയിലാണ്.

സസ്പെന്‍ഷന് പുറമെ ഇവര്‍ക്കെതിരെ നര്‍കോട്ടിക് സെല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ വാക്കാലുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. എന്നാല്‍ റിമാന്‍ഡ് സമയത്തോ വൈദ്യപരിശോധന വേളയിലോ പ്രതികള്‍ മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പക്ഷം. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Similar News