വളര്‍ത്തുനായയുടെ കുരകേട്ട് എഴുന്നേറ്റു; പുറത്തേക്കിറങ്ങാന്‍ തുനിയവെ വരാന്തയില്‍ രാജവെമ്പാല: ഒരു വയസ്സുകാരനെ തോളിലിട്ട് പുറത്തേക്കോടി വീട്ടമ്മ

വളര്‍ത്തുനായയുടെ കുരകേട്ട് എഴുന്നേറ്റു; പുറത്തേക്കിറങ്ങവെ വരാന്തയില്‍ രാജവെമ്പാല

Update: 2026-02-27 04:03 GMT

കുളത്തൂപ്പുഴ: ഒരുവയസ്സുകാരന്‍ മകനെ ഉറക്കുന്നതിനിടെ വളര്‍ത്തുനായയുടെ കുരകേട്ട് പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത് വരാന്തയില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന രാജവെമ്പാലയെ. അമ്പതേക്കര്‍ വില്ലുമല ആദിവാസി ഉന്നതിയില്‍ കുന്നുംപുറത്തുവീട്ടില്‍ ഷീജയുടെ വീട്ടിലാണ് രാജവെമ്പാല ഭീതി പരത്തിയത്. രജവെമ്പാലയെ കണ്ട് പേടിച്ചരണ്ട ഷീജ കുഞ്ഞിനെയും തോളിലിട്ട് പുറത്തേക്കോടി നാട്ടുകാരോട് വിവരം പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വരാന്തയിലിട്ടിരുന്ന കസേരയുടെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. സമീപത്തെ വനത്തില്‍നിന്ന് ഇഴഞ്ഞെത്തി വീട്ടുപറമ്പില്‍ കയറിയ പാമ്പ് നായ്ക്കള്‍ തുരത്തുന്നതിനിടെ വീട്ടിനുള്ളിലേക്ക് ഇഴഞ്ഞെത്തിയതെന്ന് കരുതുന്നു. ഭയന്ന് ഒരുവയസ്സുകാരനുമായി വീടിനു പുറത്തിറങ്ങിയ ഷീജ നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിന്റെയും സഹായത്തോടെ തെന്മല വനം ദ്രുതകര്‍മസേയെ വിവരമറിയിച്ചു. സംഘമെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ, പാമ്പ് ഇഴഞ്ഞ് തൊട്ടടുത്ത തോട്ടിലെ പാറക്കെട്ടിനുള്ളില്‍ മറഞ്ഞു.

നാട്ടുകാരുടെ സഹായത്തോടെ ഏറെനെരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലകര്‍ക്ക് പാമ്പിനെ കണ്ടെത്തി പിടിക്കാനായത്. പിന്നീട് ശെന്തുരുണി വന്യജീവിസങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

Tags:    

Similar News