സംസ്ഥാനത്ത് വേനല്‍ചൂടിന് ആശ്വാസമായി മഴ; മലയോര മേഖലകളില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണം

Update: 2026-02-27 06:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും അനുഭവപ്പെട്ട കടുത്ത ചൂടിന് നേരിയ ശമനം നല്‍കുന്നതാണ് ഈ പ്രവചനം.

അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ സൂചനകള്‍ പ്രകാരം സംസ്ഥാനത്തെ ഒരു ജില്ലകളിലും മഴയുമായി ബന്ധപ്പെട്ട് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ (യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍) നിലവിലില്ല. അതേസമയം, വരും മണിക്കൂറുകളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഇടിമിന്നലോടു കൂടിയ മഴയായതിനാല്‍ ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണം. താപനിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ലെങ്കിലും മഴ പെയ്യുന്ന ഇടങ്ങളില്‍ അന്തരീക്ഷം തണുത്തേക്കാം.

Similar News