വെനസ്വേലക്ക് നേരെ അമേരിക്കയുടെ കടന്നാക്രമണം; സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം
തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോയേയും ഭാര്യയേയും യു.എസ് സേന ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറുന്ന അമേരിക്കന്‍ നിലപാട് ലോകത്തിന് ഭീഷണിയാണ്. കാടത്തം നിറഞ്ഞ സമീപനമാണിത്. ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായപ്പോള്‍ എണ്ണക്കമ്പനികളെ ദേശസാല്‍കരിച്ചതുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ല്‍ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം. അതിന് തടയിട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയേയും അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. 2014മുതല്‍ വെനസ്വേലക്കുനേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അട്ടിമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട്, അമേരിക്കന്‍ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്ചയദാര്‍ഢ്യം ലോകമെങ്ങുമുള്ള ജനാധിപത്യ പോരാളികള്‍ക്ക് ആവേശം പകരുന്നതാണ്.
ആഴ്ചകളായി വെനസ്വേലക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയായിരുന്നു. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേലയുടെ പരാമാധികാരത്തില്‍ കടന്നുകയറുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. ഇതിനെതിരായി നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്ന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
വെനിസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. അമേരിക്കന്‍ ഏകാധിപത്യത്തിന് വെനിസ്വേലയെ കീഴ്‌പ്പെടുത്തുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും തെമ്മാടിത്ത രാജ്യമായി അമേരിക്ക പെരുമാറുകയാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വെനസ്വേലയിലെ അമേരിക്കന്‍ കടന്നാക്രമണത്തിനെതിരെ സി ഐ ടി യു അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍ പ്രതിഷേധിച്ചു. സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് പ്രതിഷേധ റാലി നടത്തി. വെനസ്വേലയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസ്സാക്കി.
