ദേശിയപാതയില്‍ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; പ്രതിശ്രുത വരന്റെ വലതുകൈ അറ്റു: വധുവിന് ഗുരുതര പരിക്ക്
ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; പ്രതിശ്രുത വരന്റെ വലതുകൈ അറ്റു
പുതുക്കാട്: ദേശീയപാതയില്‍ ബൈക്കിന് പിന്നില് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിന് പിന്നിലിരുന്ന വധുവിനും ഗുരുതരമായി പരിക്കേറ്റു. പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും.
ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ലോറി സിഗ്നല്‍ തെളിയുന്നത് കാത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാര്‍ തടഞ്ഞിട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.
ഗുജറാത്തില്‍ എന്‍ജിനീയറാണ് മോട്ടി. മംത പാറ്റ്നയിലാണ് ജോലി ചെയ്യുന്നത്. അടുത്ത മാസം ഇവരുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്ട്രേഷനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു ഇവര്‍. വ്യാഴാഴ്ച മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടം.