അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടു; സ്‌കൂളില്‍നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്; രക്ഷിച്ചത്, പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍
തിരുവനന്തപുരം: ശ്രീകാര്യം പോങ്ങുമ്മൂട്ടില്‍ സ്‌കൂളില്‍നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക്. മണ്‍വിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അതീവ അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുമായ ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തില്‍പ്പെട്ട രണ്ട് നായ്കളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാലില്‍ ഗുരുതരമായി കടിയേറ്റ അന്ന മരിയയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോങ്ങുംമൂട് ബാപുജി നഗറില്‍ കബീര്‍- നയന ദമ്പതികളുടെതാണ് രണ്ടു നായ്ക്കളും. നാട്ടുകാര്‍ അടിച്ചിട്ടും നായ്ക്കള്‍ കടി വിടാന്‍ കൂട്ടാക്കിയിരുന്നില്ല. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ ശ്രീകാര്യം പോലീസില്‍ പരാതിനല്‍കി. പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും ഇന്ന് ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ നായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടതാണ് കാരണം.