വര്‍ക്കലയില്‍ റെയില്‍പാളത്തില്‍ ഓട്ടോറിക്ഷ കയറിയതിന് തിരുവല്ലയില്‍ 40 കുടുംബങ്ങളെ വഴിയാധാരമാക്കി റെയില്‍വേ; കിടപ്പുരോഗികളെ അടക്കം ദുരിതത്തിലാക്കി റെയില്‍പ്പാളത്തിന് സമാന്തരമായ റോഡ് കെട്ടിയടച്ചു

തിരുവല്ലയില്‍ 40 കുടുംബങ്ങളെ വഴിയാധാരമാക്കി റെയില്‍വേ

Update: 2026-01-08 14:36 GMT

തിരുവല്ല: നാല്‍പ്പതോളം കുടുംബങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി റെയില്‍വേ അടച്ചു. കുറ്റപ്പുഴയില്‍ നിന്ന് ചീപ്പുഭാഗത്തേക്ക് റെയില്‍വേ പാലത്തിനു സമാന്തരമായി പോകുന്ന ബാലവിഹാര്‍ റോഡാണ് വ്യാഴാഴ്ച ഉച്ചയോടെ റെയില്‍വേ ഉദ്യോഗസ്ഥരെത്തി ഇരുമ്പുകുറ്റി സ്ഥാപിച്ച് അടച്ചത്. പ്രദേശവാസികളുടെ ഏകയാത്രമാര്‍ഗ്ഗമാണ് ഇത്. നാലു കിടപ്പുരോഗികളും ഇവിടുത്തെ വീടുകളിലുണ്ട്. ഓട്ടോയും കാറും പോയിരുന്ന വഴി അടച്ചതോടെ ഇനി നടന്നു മാത്രമേ ഇതുവഴി പോകാന്‍ കഴിയുകയുള്ളു. 150 മീറ്ററോളം നീളമുള്ള വഴി റെയില്‍വേ പാലത്തിനു സമാന്തരമായാണ് പോകുന്നത്.

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ റെയില്‍വേ പാളത്തിലേക്ക് ഓട്ടോറിക്ഷ പഞ്ചായത്തു വഴിയിലൂടെ കയറി അപകടമുണ്ടായതിനു ശേഷമാണ് സമാനമായ വഴികള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ മാത്യു ടി.തോമസ് എംഎല്‍എ റെയില്‍വേ അധികൃതരുമായി സംസാരിച്ചു.

1970 മുതല്‍ ഈ വഴി നാട്ടുകാര്‍ ഉപയോഗിക്കുന്നതായി തനിക്കറിയാമെന്ന് മാത്യുടി.തോമസ് എംഎല്‍എ റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ആന്റോ ആന്റണി എംപിയുമായി ബന്ധപ്പെട്ടു. റെയില്‍വേ പാളത്തിന്റെ സംരക്ഷണത്തിനു പാളത്തിനോടു ചേര്‍ന്ന് സുരക്ഷ വേലി സ്ഥാപിക്കാനുള്ള ഫണ്ട് അനുവദിക്കാമെന്ന് എംപി ഉറപ്പു നല്‍കി. വേലി സ്ഥാപിച്ചതിനുശേഷം റോഡ് തുറന്നുനല്‍കാമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. നഗരസഭാംഗം അനു ജോര്‍ജ്, മുന്‍ അംഗം ഷിനു വി. ഈപ്പന്‍ എന്നിവരും

സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News