സംസ്‌കൃത അധ്യാപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് യുപി ക്ലാസുകളിലെ അഞ്ച് ആണ്‍കുട്ടികള്‍; കേസെടുത്ത് പൊലീസ്

Update: 2026-01-08 15:01 GMT

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനിലിന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥികള്‍. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തു.

സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ എ.ഇ.ഒയുടെ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. പീഡനവിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നവംബര്‍ 18ന് തന്നെ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബര്‍ 19ന് അധ്യാപകനില്‍നിന്നും രാജി എഴുതിവാങ്ങി. പക്ഷേ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.

അധ്യാപകന്‍ മറ്റൊരിടത്തേക്ക് സ്ഥലം മാറുന്നുവെന്നാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക പറഞ്ഞത്. യഥാര്‍ത്ഥ കാരണം അറിയിച്ചത് 23ന് വൈകീട്ട് ആറുമണിയോടെ മാത്രമാണ്. അന്നു തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. എന്നാല്‍ 24ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ സിഡബ്ല്യുസിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ല. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാന്‍ കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്നും എഇഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പോലീസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്‌കൂള്‍ അധികൃതര്‍ വിഷയത്തില്‍ പരാതി നല്‍കിയത്. രക്ഷിതാക്കളുടെ നിസ്സഹകരണം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കാമായിരുന്നു. അധ്യാപകന്റെ രാജി എഴുതി വാങ്ങി, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയതെന്നും എഇഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

മലമ്പുഴ യു.പി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകന്‍ കൊല്ലങ്കോട് സ്വദേശി അനിലാണ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ 12 വയസുകാരനെയാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയത്. താന്‍ നേരിട്ട പീഡനം വിദ്യാര്‍ഥി തന്റെ സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അനിലിനെ മലമ്പുഴ പൊലീസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Similar News