'റെജി ലൂക്കോസ് പിണറായി വിജയന്റെ ദൂതുമായി 'ഡെപ്യൂട്ടേഷന്‍' പോലെ പോയതാണോ; ഡീലിന്റെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല'; റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന റെജി ലൂക്കോസ് പിണറായി വിജയന്റെ ദൂതുമായി 'ഡെപ്യൂട്ടേഷന്‍' പോലെ പോയതാണോ എന്ന് സംശയമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം സഹയാത്രികനായ, പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരാളെ ബിജെപിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഇത് ഒരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'തീര്‍ച്ചയായും ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സിപിഎം സഹയാത്രികനായ, പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരാളെ ബിജെപിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഇത് ഒരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ചാനല്‍ ചര്‍ച്ചകളില്‍ കണ്ടുപരിചയമുള്ള ഒരു സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ബിജെപിയിലേക്ക് പോകുമ്പോള്‍, അദ്ദേഹം പിണറായി വിജയന്റെ ഒരു ദൂതുമായി പോയതാണോ അതോ ഒരു 'ഡെപ്യൂട്ടേഷന്‍' പോലെ പോയതാണോ എന്ന സംശയമാണ് ഉയരുന്നത്' -സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
ബി.ജെ.പിയില്‍ ചേര്‍ന്നവരുടെ പട്ടികയും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. 'സമീപ കാലത്ത് ബിജെപിയില്‍ ചേര്‍ന്നവര്‍ പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി, ടോം വടക്കന്‍, റെജി ലൂക്കോസ്... ബിജെപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവന്‍ സന്ദീപ് വാര്യര്‍' എന്നാണ് അദ്ദേഹം കുറിച്ചത്. 'ബിജെപിയിലേക്ക് പോയത് നത്തോലി, മത്തി, മാന്തള്‍, ചാള... അതിന് പകരം നമുക്ക് കിട്ടിയതോ നല്ല ഒന്നാന്തരം കൊമ്പന്‍ സ്രാവ്, അതാണ് സന്ദീപ് വാര്യര്‍ .......' എന്നായിരുന്നു ഇതിന് ഒരാളുടെ കമന്റ്.
അതേസമയം, ബിജെപി എന്ന കിണര്‍ വൃത്തിയാക്കിയപ്പോള്‍ അതില്‍ കിടന്ന ചെളിയും ചൊറിതവളയും പുറത്തു പോയി പകരം നല്ല വെള്ളവും മീനും കയറി വന്നു എന്ന് കമന്റ് ചെയ്ത ബി.ജെ.പി അനുഭാവിക്ക് സന്ദീപ് വാര്യര്‍ മറു?പടി കൊടുത്തു. 'ബിജെപി ഒരു പൊട്ടക്കിണര്‍ ആണെന്ന് സമ്മതിച്ചല്ലോ' എന്നായിരുന്നു മറുപടി.