ക്ഷേത്രത്തില്‍ ആറാം തവണയും മോഷണശ്രമം; ശ്രീകോവിലിന്റെ വാതില്‍ തുറന്നതോടെ അലാറം മുഴങ്ങി: ആളുകള്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ട് കള്ളന്‍

ക്ഷേത്രത്തിൽ ആറാംവട്ടവും മോഷണശ്രമം: അലാറം അടിച്ചതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു

Update: 2026-01-12 02:43 GMT

കോട്ടയം: അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതിക്ഷേത്രത്തിലെ മോഷണശ്രമം തടഞ്ഞ് ക്ഷേത്രഭാരവാഹികളും നാട്ടുകാരും. മോഷണത്തിനെത്തിയ കള്ളന്‍ ശ്രീകോവില്‍ തുറന്നതോടെ അലാറം മുഴങ്ങിയതാണ് രക്ഷയായത്. ക്ഷേത്രത്തില്‍ ഇത് ആറാം തവണയാണ് കള്ളന്‍ കയറുന്നച്. മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയും, ശ്രീകോവിലിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷേത്രഭാരവാഹിയുടെ മൊബൈലില്‍ അലാറം അടിച്ചു. തുടര്‍ന്ന് ആളുകളുമായി അദ്ദേഹം എത്തിയതോടെയാണ് മോഷണ ശ്രമം പാളിയത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30-നാണ് സംഭവം. ക്ഷേത്രത്തില്‍ മോഷണം പതിവായതോടെ ശ്രീകോവിലിന്റെ വാതിലില്‍ അലര്‍ട്ട് സംവിധാനം ഘടിപ്പിച്ചതാണ് തുണയായത്. കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്ഷേത്ര ഭാരവാഹികളുടെ മൊബൈലില്‍ അലാറം മുഴങ്ങി. ഇതോടെ ക്ഷേത്രത്തില്‍ കള്ളന്‍ കയറിയതു മനസ്സിയാതോടെ ക്ഷേത്രത്തിനോട് ചേര്‍ന്ന് താമസിക്കുന്ന ഭാരവാഹിയായ ശ്രീകുമാര്‍ ഉടന്‍തന്നെ ക്ഷേത്രത്തിലേക്ക് എത്തുകയുമായിരുന്നു.

ആളുകള്‍ വരുന്ന ശബ്ദം കേട്ട മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷണശ്രമം നടത്തുന്ന ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. മുമ്പ് നടന്ന മോഷണത്തില്‍ ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല മോഷ്ടാവ് കവര്‍ന്നിരുന്നു. കൂടാതെ ശ്രീകോവിലിന്റെ വാതിലിന് തീയിട്ട് കത്തിക്കുകയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Tags:    

Similar News