മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി; എം.എല്‍.എ ജയിലില്‍ തുടരും
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലിലുള്ള കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി. അടുത്ത ബുധനാഴ്ചത്തേക്കാണ് വിധി പറയുക. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയാണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. തുടര്‍ന്ന് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇവിടെയും ജാമ്യഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
അന്വേഷണവുമായി മാങ്കൂട്ടത്തില്‍ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ നിരത്തിയ കണ്ടെത്തലുകളും മേല്‍ക്കോടതി വിധികളും അവരുടെ വാദങ്ങളെല്ലാം പൊളിക്കുന്നതായി. വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞ 11നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലാവുന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരുടെ ജീവന് ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.