കടലില്‍ ഒഴുകിനടന്നത് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ്; വനംവകുപ്പിന് കൈമാറി കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: അന്താരാഷ്ട്ര സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുമെന്നു കരുതുന്ന ആംബര്‍ഗ്രീസ് വനംവകുപ്പിനു കൈമാറി മത്സ്യത്തൊഴിലാളികള്‍. കൊല്ലം തീരത്തുനിന്ന് മീന്‍പിടിക്കാന്‍പോയ ജോനകപ്പുറം ഫിഷര്‍മെന്‍ കോളനിയിലെ അശോക്കുമാറിനും സംഘത്തിനുമാണ് തീരത്തുനിന്ന് 29.5കിലോമീറ്റര്‍ (33മാര്‍) അകലെ കടലില്‍ ഒഴുകിനടന്ന അപൂര്‍വമായ ആംബര്‍ഗ്രീസ് ലഭിച്ചത്.
നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച 5.09 കിലോഗ്രാം ആംബര്‍ഗ്രീസ് അഞ്ചല്‍ വനം റേഞ്ച് അധികൃതര്‍ ഏറ്റുവാങ്ങി സ്ട്രോങ് റൂമിലേക്ക് മാറ്റി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സാന്പിള്‍ പരിശോധനയ്ക്ക് അയക്കും. അശോക്കുമാറിന്റെ ഉടമസ്ഥതയിലുള്ള 'അപ്പാ അമ്മ'വള്ളത്തില്‍ വ്യാഴം പകല്‍ 2.45നാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോയത്. വലയിടുന്നതിനിടെയാണ് എന്തോ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രദേശത്ത് രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു. അതോടെ ആംബര്‍ഗ്രീസാണെന്ന് ഉറപ്പിച്ച് ഫിഷറീസ് ഉദ്യോഗസ്ഥരെയും നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു.
തീരദേശ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ ആംബര്‍ഗ്രീസ് പകല്‍ 10.45ന് അഞ്ചല്‍ വനം റേഞ്ച് അധികൃതര്‍ക്കു കൈമാറി. അശോക്കുമാറിനെ കൂടാതെ തമിഴ്നാട് സ്വദേശികളായ ഡേവിള്‍സ്, തമിഴ്മണി, രാജ, മുനിയാണ്ടി എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.