ഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം; പാര്‍ട്ടിയെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതിന്റെ കാരണം വ്യക്തമായെന്നും മുഹമ്മദ് ഷിയാസ്

ഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം

Update: 2026-01-27 14:49 GMT

കൊച്ചി: ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇ ഡി കേസില്‍ നിന്ന് രക്ഷപെടാനാണ് പാര്‍ട്ടിയെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി.

ആത്മാഭിമാനമുള്ളവര്‍ ഇനിയും ട്വന്റി 20യില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്ത് വരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ചാക്കിട്ട് പിടുത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബി ജെ പി കേരളത്തിലും അതേ വഴികള്‍ പരീക്ഷിക്കുകയാണ്. ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു ജേക്കബ് പാര്‍ട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു.


പി ടി തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. നോട്ടീസ് അയക്കുന്നവരെയെല്ലാം ജയിലില്‍ അടയ്ക്കാനായെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരും. സ്വന്തം താല്‍പര്യത്തിനായി ഒരു പാര്‍ട്ടിയെ ബിജെപിയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടിയ സാബു ജേക്കബ് പാര്‍ട്ടി പിരിച്ച് വിട്ട് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.


Tags:    

Similar News