വെള്ളമെടുക്കാന്‍ അച്ഛന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ട്രെയിന്‍ നീങ്ങി തുടങ്ങി; ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി 19കാരിയായ മകള്‍
ട്രെയിൻ നീങ്ങി; ചങ്ങലവലിച്ച് ട്രെയിൻ പിടിച്ചിട്ട് 19-കാരി
കാസര്‍കോട്: നീങ്ങി തുടങ്ങിയ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി 19കാരി. ട്രെയിന്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളമെടുക്കാന്‍ പുറത്തിറങ്ങിയ അച്ഛന് തിരികെ കയറാന്‍ വേണ്ടിയാണ് മകള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.
മുംബൈയില്‍നിന്ന് കൊച്ചുവേളിയിലേക്ക് പോകുന്ന ഗരീബ്രഥ് തീവണ്ടിയാണ് ചങ്ങല വലിച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം നിര്‍ത്തിയിട്ടത്. സംഭവമറിഞ്ഞ് ഗാര്‍ഡ് എത്തി എയര്‍പ്രഷര്‍ പുനഃസ്ഥാപിച്ചശേഷമാണ് വണ്ടി പുറപ്പെട്ടത്. തൃശ്ശൂരില്‍ താമസമാക്കിയ ഉത്തരേന്ത്യന്‍കുടുംബം നാട്ടില്‍നിന്ന് തീവണ്ടിയില്‍ മടങ്ങുന്നതിനിടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. നാലുപേരടങ്ങുന്ന കുടുംബത്തിലെ അറുപതുകാരന്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കുപ്പിയുമെടുത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ പൈപ്പിന്‍ചുവട്ടിലെത്തി തണുത്തവെള്ളം ശേഖരിക്കുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി.
ഇദ്ദേഹത്തിന് കയറാന്‍ കഴിയാതെ വന്നതോടെ തീവണ്ടിക്കകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. പിതാവ് തിരിച്ചുകയറിയില്ലെന്നു തിരിച്ചറിഞ്ഞ മകളാണ് തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത്. നീങ്ങിത്തുടങ്ങിയ വണ്ടി പെട്ടെന്ന് നിശ്ചലമായത് കണ്ട് അപകടം സംഭവിച്ചെന്നു കരുതി ആര്‍.പി.എഫ്. അധികൃതരും പാഞ്ഞെത്തി.