മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍; കരഞ്ഞ് ഒച്ചവെച്ചതോടെ ഏഴു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച് യുവാവ്: പ്രതി ജിഹാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍
വയനാട്: മാനന്തവാടിയില്‍ നിന്നും നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയത് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍. സ്‌കൂട്ടറിലെത്തിയ പ്രതി കുട്ടിയുടെ ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരഞ്ഞു. ഇതോടെയാണ് കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി പ്രതി സ്ഥലം വിട്ടത്. സംഭവത്തില്‍ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ മാനന്തവാടി പോലിസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു.
ശനിയാഴ്ച സന്ധ്യയോടെ വീടിന് സമീപത്തെ് നിന്നും കടത്തിക്കൊണ്ടു പോയ കുട്ടിയെ രണ്ട് മണിക്കൂറിന് ശേഷം ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു സ്ഥലത്തുനിന്ന് കിട്ടി. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ജിഹാസിന്റെ ലക്ഷ്യം. കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. പോലിസ് അന്വേഷണത്തില്‍ കുട്ടിയെ സ്‌കൂട്ടറിലിരുത്തി നഗരത്തിലൂടെ ഒരാള്‍ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രതി ആരെന്ന് വ്യക്തമായിരുന്നില്ല.
അന്വേഷണത്തിനൊടുവില്‍ നാലാം ദിവസമാണ് പ്രതിയായ ജിഹാസ് പിടിയിലാകുന്നത്. കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് വയനാട് എസ് പി പറഞ്ഞു. ആഭരണം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് ഏഴ് കിലോമീറ്റര്‍ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഉച്ചത്തില്‍ നിലവിളിക്കുന്നത് കേട്ട് എത്തിയ പരിസരവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുക ആയിരുന്നു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കാണാതായ കുട്ടിയെ രാത്രി 9 മണിയോടെ ഏഴ് കിലോമീറ്റര്‍ അകലെയുള്ള തരുവണ വച്ചാണ് കണ്ടെത്തിയത്. മാനന്തവാടി ഡിവൈഎസ്പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജിഹാസിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് അടക്കം നാല് കേസുകള്‍ നേരത്തെ തന്നെ ഉണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇന്നെല പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.
