പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ സണ്‍ഗ്ലാസോ ഉപയോഗിക്കാന്‍ ശ്രമിക്കുക; ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം; കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പത്തനംതിട്ട ജില്ലയിലെ കോന്നി എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡക്സ് (8) രേഖപ്പെടുത്തി. ഇവിടെ ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊട്ടാരക്കര(കൊല്ലം), ചങ്ങനാശ്ശേരി(കോട്ടയം), ഒല്ലൂര്‍(തൃശ്ശൂര്‍), തൃത്താല(പാലക്കാട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
പൊതുജനങ്ങള്‍ വിവിധ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും യുവി സൂചിക ഉയര്‍ന്നതായിരിക്കും.
