കോട്ടയം മെഡിക്കല്‍ കോളേജില്‍ 283.60 കോടിയുടെ വികസന പദ്ധതികള്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം : കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 283.60 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം. 16ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. സഹകരണ, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ വികസനമാണ് സാധ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി.
ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിനായതായും മന്ത്രി വ്യക്തമാക്കി.