മുഴുവന്‍ പണവുമടച്ച് ബുക്ക് ചെയ്ത കാര്‍ നല്‍കാതെ ഒന്‍പത് വര്‍ഷം വട്ടം ചുറ്റിച്ചു; ഡീലര്‍ 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
ബുക്ക് ചെയ്ത കാര്‍ നല്‍കാതെ ഒന്‍പത് വര്‍ഷം വട്ടം ചുറ്റിച്ചു; ഡീലര്‍ 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ഉദുമ: മുഴുവന്‍ പണവുമടച്ച് ബുക്ക് ചെയ്ത കാര്‍ നല്‍കാതെ, ഉപഭോക്താവിനെ വര്‍ഷങ്ങളോളം പറ്റിച്ച വാഹന ഡീലര്‍ 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെതാണ് ഉത്തരവ്. കാസര്‍കോട് മൗവ്വലിലെ പ്രവാസിയായ ഹംസ കുന്നില്‍ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരമടക്കം 29,10,173 രൂപ നല്‍കാന്‍ കോടതി വിധിച്ചത്. മുഴുവന്‍ തുക കൈപ്പറ്റിയ ശേഷം ഒന്‍പത് വര്‍ഷമാണ് വാഹന ഡീലര്‍ കാര്‍ നല്‍കാതെ പറ്റിച്ചത്. തുടര്‍ന്ന് കേസ് നല്‍കുക ആയിരുന്നു.
ഷോറൂം പ്രതിനിധി ഹംസയുടെ വീട്ടില്‍ എത്തിയാണ് 2016ല്‍ പുറത്തിറങ്ങിയ കാറിന്റെ ബുക്കിങ് എടുത്തത്. പിന്നാലെ 10 ലക്ഷം പാലക്കുന്നിലെ ദേശീയ ബാങ്കില്‍ നിന്നുള്ള വായ്പയായും ബാക്കി തുക നേരിട്ടും നല്‍കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കോഴിക്കോട്ടുനിന്ന് കൊണ്ടുവരുന്ന കാര്‍ വഴിയില്‍ അപകടത്തില്‍പ്പെട്ടതായി ഡീലര്‍ അറിയിച്ചു. പുതിയ കാര്‍ ലഭിക്കുന്നതുവരെ അടച്ച തുകയ്ക്ക് രണ്ട് ശതമാനം പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഹംസ വഴങ്ങിയില്ല.
കാര്‍ ഏറ്റെടുക്കാന്‍ മാത്രം വിദേശത്തുനിന്ന് ഹംസ പലവട്ടം നാട്ടിലെത്തിയിരുന്നു. കമ്പനി കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹംസ കാസര്‍കോട് ഉപഭോക്തൃ കോടതിയെ സമീപിക്കുക ആയിരുന്നു. തുക അടച്ച അന്ന് മുതല്‍ 14 ശതമാനം പലിശ, നഷ്ടപരിഹാരം, കോടതി ചെലവ്, എന്നിവയടക്കം 29.10 ലക്ഷം നല്‍കാന്‍ ജില്ലാ ഫോറം വിധിച്ചു. ഇതിനെതിരെ ഡീലര്‍ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും മുന്‍ വിധി സ്ഥിരപ്പെടുത്തുകയായിരുന്നു.
ഒന്‍പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഹംസയ്ക്ക് 24,95,694 രൂപയുടെ ആദ്യ ചെക്ക് ലഭിച്ചു. ബാക്കി തുക കോടതി നിശ്ചയിച്ചിരിക്കുന്ന അടുത്ത തീയതിയില്‍ കൈമാറണം. വാദിഭാഗത്തിന് വേണ്ടി അഡ്വ. സി. ഷുക്കൂര്‍ ഹാജരായി.