വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം

Update: 2026-03-09 09:49 GMT

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ അങ്കമാലിയുടെയും ആലുവയുടെയും ഇടയില്‍ ശനിയാഴ്ച രാത്രി കല്ലേറ്. അങ്കമാലി എത്തുന്നതിന് മുന്‍പാണ് കല്ലേറ് ഉണ്ടായതെന്ന് ലോക്കോ പൈലറ്റ് ഡിവിഷണല്‍ ഓഫീസിനെ അറിയിച്ചു. വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി ഏഴോടെ ആലുവ സ്റ്റേഷന്‍ കടന്ന് പോയിരുന്നു. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.സംഭവത്തെ തുടര്‍ന്ന് എറണാകുളം റെയില്‍വെ പൊലീസും ആര്‍പിഎഫും കേസെടുത്തു.

ഇതിനിടെ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡി-7 കോച്ചിലെ 104-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരിയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു. വെള്ളൂര്‍ കാഞ്ചിരത്ത് സ്വദേശിയായ അക്ഷയ് കുമാര്‍ (18), ബംഗാള്‍ സ്വദേശി പ്രകാശ് ധാലി (26) എന്നിവരാണ് പിടിയിലായത്. അക്ഷയ് കുമാര്‍ റെയില്‍വെ കരാര്‍ തൊഴിലാളിയുടെ മകനാണെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് കുമാറിനെ സംഭവ സ്ഥലത്ത് നിന്നുതന്നെ പിടികൂടിയപ്പോള്‍ പ്രകാശ് ധാലി അന്ന് രക്ഷപ്പെട്ടിരുന്നു.

അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതായും കല്ലെറിഞ്ഞത് പ്രകാശ് ധാലിയാണെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രകാശ് ധാലിയുടെ തൊഴിലുടമയെ റെയില്‍വെ സുരക്ഷാസേന കണ്ടെത്തി. തൊഴിലുടമയുടെ സഹായത്തോടെയാണ് പിന്നീട് പ്രകാശ് ധാലിയെ അറസ്റ്റ് ചെയ്തത്. പ്രകാശ് ധാലിയെ റിമാന്‍ഡ് ചെയ്തു. അക്ഷയ് കുമാറിന് ജാമ്യം അനുവദിച്ചു. ആര്‍പിഎഫ് എസ്എച്ച്ഒ എന്‍എസ് സന്തോഷ്, ഉദ്യോഗസ്ഥനായ ഡി നാഗബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar News