ഗുരുവായൂര്‍ ദര്‍ശനത്തിന് ഇനി 'ഫെയ്സ് ആപ്പ്'; ക്യൂവില്‍ നിന്ന് തളരേണ്ട, വിശ്രമിച്ച് തൊഴാം; വിപ്ലവകരമായ മാറ്റങ്ങളുമായി ദേവസ്വം
തൃശ്ശൂര്‍: ഗുരുവായൂരപ്പനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് ഇനി മണിക്കൂറുകളോളം വരിനിന്ന് തളരേണ്ടി വരില്ല. ദര്‍ശനം സുഗമമാക്കുന്നതിനായി നൂതനമായ 'ഫെയ്സ് ആപ്പ്' സംവിധാനം നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രത്തിന് സമീപം 12 ഇടങ്ങളിലായാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്.
ഫെയ്സ് ആപ്പ് സിസ്റ്റത്തിന് മുന്നില്‍ നില്‍ക്കുന്ന ഭക്തരുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ഓട്ടോമാറ്റിക് ആയി ടോക്കണ്‍ ലഭ്യമാക്കും. ദര്‍ശനത്തിനായി എത്തേണ്ട കൃത്യം സമയം ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുവരെ ഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പ്രത്യേകം തയ്യാറാക്കിയ എയര്‍കണ്ടീഷന്‍ഡ് കമ്പാര്‍ട്ട്മെന്റുകളില്‍ വിശ്രമിക്കാം. ടോക്കണ്‍ നമ്പറുകള്‍ ഈ കമ്പാര്‍ട്ട്മെന്റുകളിലെ സ്‌ക്രീനില്‍ തെളിയുന്ന മുറയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂവിലേക്ക് പ്രവേശിക്കാം. ക്ഷേത്രത്തില്‍ സ്ഥിരമായ ക്യൂ കോംപ്ലക്‌സ് പണി തീരുന്നത് വരെയാണ് ഈ താല്‍ക്കാലിക ക്രമീകരണം.
പദ്ധതി നടപ്പാക്കുന്നതിനായി താല്‍പ്പര്യപത്രം ക്ഷണിച്ചതായും മികച്ച സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന കമ്പനികളെ ചുമതല ഏല്‍പ്പിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഒ.വി. അരുണ്‍കുമാര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എത്രപേര്‍ ക്ഷേത്രം സന്ദര്‍ശിച്ചു എന്ന് കൃത്യമായി മനസ്സിലാക്കാനും ഈ ഫെയ്സ് ആപ്പ് സംവിധാനം സഹായിക്കും.