പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; പിടിയിലായത് രാജസ്ഥാൻ സ്വദേശി നമാ റാം
കൊല്ലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശി നമാ റാം അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. സംഭവ ദിവസം ഭയന്നുപോയ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
നവംബർ 27നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം കൊട്ടിയം മൈലക്കാട് വെച്ച് നമാ റാം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ്, തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന നമാ റാം ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. സെയിൽസ് ജോലി ചെയ്യുന്ന ഇയാൾ കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വിൽക്കാൻ എത്താറുണ്ടായിരുന്നു.
ഇയാൾ വരാൻ സാധ്യതയുള്ള കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു ഇലക്ട്രിക് ഷോപ്പിൽ വെച്ച് കൊട്ടിയം സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നമാ റാമിനെ പിടികൂടുകയായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ ശേഷം രക്ഷപ്പെടുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.