ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 88കാരിയുടെ മുഖം തെരുവുനായ പൂര്‍ണമായും കടിച്ചെടുത്ത നിലയില്‍; ദാരുണ സംഭവം മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍
ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
ആലപ്പുഴ: ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (88)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. കണ്ണൂകള്‍ അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്‍ പ്രകാശന്റെ തകഴി അഴീക്കലിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവര്‍ കാണുമ്പോഴേക്കും നായ കാര്‍ത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.
ഒരു നായയാണോ ഒന്നലധികം നായകള്‍ ചേര്‍ന്നാണോ ഇവരെ കടിച്ചതെന്നതിലും വ്യക്തതയില്ല. വീട്ടുകാര്‍ എത്തിയപ്പോള്‍ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് നിലത്തു കിടക്കുന്ന കാര്‍ത്യാനിയെയാണ് കണ്ടത്. തെരുവുനായ മുഖമാകെ കടിച്ചെടുത്ത നിലയിലാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്ന അവസ്ഥയാണുള്ളത്. വര്‍ദ്ധിച്ച് വരുന്ന തെരുവുനായ ആക്രമണങ്ങള്‍ ജീവനെടുക്കുന്ന നിലയിലെത്തിയതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ആലപ്പുഴയില്‍ വിവിധ ഇടങ്ങളിലായി തെരുവു നായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രതിരോധകുത്തിവെപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള സംവിധാനങ്ങള്‍ ഇന്നും അകലെയാണ്. നേരത്തെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധകുത്തിവെപ്പ് കാംപെയ്ന്‍ ജില്ലയില്‍ പുനരാരംഭിച്ചിരുന്നു. ആകെ 19 ഹോട്ട്സ്പോട്ടുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഇവിടങ്ങളില്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.