ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു; തുടർ ചികിത്സ പ്രതിസന്ധിയിൽ; ലക്ഷദ്വീപ് സ്വദേശികളിലൊരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ പത്താം തീയതിയാണ് അപകടമുണ്ടായത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ് റഫീഖ്(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ താജുല്‍ അക്ബറിനെയാണ് ഇന്നലെ പുലര്‍ച്ചെയോടെ ആംബുലന്‍സില്‍ കോട്ടയത്തേക്ക് മാറ്റിയത്. തുടര്‍ന്ന് ഒന്‍പതോടെ തീപ്പൊള്ളലേറ്റവരെ ചികിത്സിക്കുന്ന പ്രത്യേക ഐസിയുവില്‍ താജുല്‍ അക്ബറിനെ പ്രവേശിപ്പിച്ചു. അതേസമയം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മഹമ്മദ് റഫീഖിന്റെ നില ഗുരുതരമായി തുടരുകയാണ്.
ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിന് സമീപം ചാലിയാറിന് മധ്യത്തിലായി നങ്കൂരമിട്ട 'അഹല്‍ ഫിഷറീസ് 2' എന്ന ഫൈബര്‍ ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് പൂർണമായും കത്തി നശിച്ചിരുന്നു. ദേഹത്താകമാനം പൊള്ളലേറ്റ രണ്ട് പേരുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചിലവായതോടെ തുടര്‍ ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഒരാളെ കോട്ടയത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.