അത് ഗൗരവമായി കാണുന്നില്ല; രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തുമ്പോള്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് സ്വാഭാവികം; യൂത്ത് കോണ്‍ഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Update: 2025-01-23 07:25 GMT

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പി.ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തുമ്പോള്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും ജയില്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പി.ജയരാജന്‍ പെരിയ കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ചത് ഗൗരവമായി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇത് ഗൗരവമായി കാണുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് സാധ്യമാകാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദൃഢനിശ്ചയത്തോടെ നിലപാടെടുക്കണം. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ വളരെ വേഗത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.

Similar News