'ആര്‍ എസ് എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നവരല്ല ഞങ്ങള്‍; അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും; അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പോയിട്ടില്ല': തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പഴയ നേതാക്കളായാലും ഇപ്പോഴത്തെ നേതാക്കളായാലും അങ്ങനെ തന്നെ. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് ജയിലില്‍ കിടന്ന്, ഒരു പ്ലേറ്റില്‍ ഭക്ഷണം കഴിച്ചുവെന്നൊക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുകേട്ടു. സംഘപരിവാറുമായി ഒരുമിച്ചു ഭക്ഷണം കഴിക്കാനൊന്നും ഞാനൊരു കാലത്തും പോയിട്ടില്ല. അവര്‍ എന്നോട് പെരുമാറിയത് എങ്ങനെയെന്നത് പറയേണ്ട കാര്യമില്ല, അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ഞങ്ങളാരും ആര്‍എസ്എസ് തലവന്മാരുടെ മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല, അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും പടത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല'' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ ഇരിക്കുന്ന ഒരൊറ്റയാള്‍ മാത്രമേ ഇപ്പോഴും ഈ നിയമസഭയിലുള്ളൂ. അതാരാണെന്ന് തന്നെകൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞത്. അതിനവര്‍ക്ക് ന്യായവുമുണ്ട്, അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങള്‍ ഒരുമിച്ച് ജയിലില്‍ കിടന്നതാണ്, ഒരു പ്ലേറ്റില്‍ ഭക്ഷണം കഴിച്ചതാണ്. അതുകൊണ്ട് 77ലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒരുമിച്ച് മത്സരിച്ചതാണ്. അന്ന് കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത് ആരാണെന്ന് നോക്ക് അപ്പോള്‍ മനസ്സിലാവും എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്.