പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത് പ്രധാനമായും ബാധിക്കുക ഉത്തരേന്ത്യയില്‍നിന്നു പോകുന്ന വിമാനങ്ങളെ; ടിക്കറ്റ് നിരക്കില്‍ ചെറിയ മാറ്റം വന്നേക്കാം; കീശ കീറുമോയെന്ന പേടിയില്‍ യാത്രക്കാര്‍

Update: 2025-04-25 08:36 GMT

കൊച്ചി: പാക്കിസ്ഥാന്റെ വ്യോമമേഖല അടച്ചതോടെ അന്താരാഷ്ട്ര വിമാന യാത്രയില്‍ മാറ്റങ്ങളുണ്ടാകാമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. പ്രത്യേകിച്ച് യൂറോപ്പ്, ഗള്‍ഫ്, വടക്കേ അമേരിക്ക എന്നീ ദൂരദേശങ്ങളിലേക്ക് പോകുന്നവര്‍. പാക്ക് വ്യോമപാതയ്ക്ക് പകരമായി വിമാനം ദൂരം കൂടിയ റൂട്ടുകളിലൂടെ പറക്കേണ്ടിവരുന്നതിനാല്‍ ഇന്ധനച്ചെലവും വിമാന യാത്രാ നിരക്കും സ്വാഭാവികമായി ഉയരാനാണ് സാധ്യത.

എങ്കിലും, ഇത്തരം മാറ്റങ്ങള്‍ പ്രധാനമായും ഉത്തരേന്ത്യന്‍ റൂട്ടുകളെ ബാധിക്കുമെന്ന നിലപാടിലാണ് ഏവിയേഷന്‍ മേഖല. 'ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് യാത്രാകളുള്ളത്. അതുകൊണ്ട്, പാക്കിസ്ഥാന്‍ വ്യോമപാതയുടെ പൂട്ടല്‍ ഇവിടുത്തെ വിമാനങ്ങളില്‍ വലിയ ആഘാതമുണ്ടാക്കില്ല,' എയര്‍ലൈനുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദമാക്കി.

ഉദാഹരണത്തിന്, കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലൂടെയുള്ള കണക്ടിങ് വിമാനത്തിലൂടെ മോസ്‌കോവിലേക്കു പോകുന്ന യാത്രക്കാരന് നേരിയ പ്രതിസന്ധി ഉണ്ടായേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും, മുന്‍കൂട്ടിയുള്ള ബുക്കിംഗുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റിന്റെ കാര്യത്തില്‍ ഉടന്‍ വലിയ പ്രതിസന്ധിയില്ലെന്നാണ് വിലയിരുത്തല്‍.

പാകിസ്ഥാനിലൂടെ പറക്കുന്നത് തടഞ്ഞതിനെതിരായ തിരിച്ചടി പ്രധാനമായും ഡല്‍ഹി, അമൃത്സര്‍, ലക്നൗ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്കാണ്. ഈ വിമാനങ്ങള്‍ക്ക് ചൈന, സമുദ്രപ്രദേശം, ഹിമാലയന്‍ മലനിരകള്‍ തുടങ്ങിയ ബദല്‍ വ്യോമപാതകള്‍ പിന്തുടരേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുമൂലം വിമാനം അധികം പറക്കേണ്ടിവരും, കൂടുതല്‍ ഇന്ധനം ആവശ്യമായേക്കും, വിമാന സമയങ്ങളില്‍ വ്യതിയാനങ്ങളുണ്ടാകുകയും ചെയ്യാം.

കണക്ടിങ് വിമാനങ്ങള്‍ കണ്ടെത്തുന്നതില്‍ യാത്രക്കാര്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ടാകാമെന്നും, ഈ സാഹചര്യത്തില്‍ യാത്രാ പദ്ധതികള്‍ ആസൂത്രിതമായി ക്രമീകരിക്കണമെന്നതും അവര്‍ ഓര്‍മിപ്പിക്കുന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികള്‍ക്കെതിരെയാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത് എന്നതാണ് ഇതിനകം സ്ഥിരീകരിച്ച വിവരം.

Tags:    

Similar News