നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഫോണുകള്‍ പിടിച്ചെടുത്ത് പോലിസ്: കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു
അമ്മു സജീവിന്റെ മരണം; അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഫോണുകള്‍ പിടിച്ചെടുത്ത് പോലിസ്
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തിലെടുത്ത കേസില്‍ പോലിസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു. പട്ടികജാതിപട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളാണ് ചേര്‍ത്തത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് കൈമാറി. അമ്മുവിന്റെ മരണത്തില്‍ ഡിവൈഎസ്പിക്കാകും ഇനി അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ഥിനികളും അമ്മുവുമായുള്ള തര്‍ക്കവും അതില്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പ്രതികള്‍ക്ക് എതിരായി. സഹപാഠികള്‍ക്കെതിരെ അമ്മു കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിക്കുന്നത്.