മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ ബഹളമുണ്ടാക്കിയയാള്‍ കസ്റ്റഡിയില്‍; പൊലീസ് ജീപ്പിന്റെ വശത്ത് തലയിടിച്ച് ചോര വാര്‍ന്നു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ ബഹളമുണ്ടാക്കിയയാള്‍ കസ്റ്റഡിയില്‍

Update: 2025-02-23 14:53 GMT

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ സദസ്സില്‍ ബഹളമുണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുര്‍ഗ് കോടതി സുവര്‍ണജൂബിലി സമാപന സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനിടെ, പൊലീസ് വാഹനത്തിന്റെ വശത്തിടിച്ച് തലക്ക് പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജാനൂര്‍ കാട്ടുകുളങ്ങരയിലെ എം.ബി. ബാബുവിനെതിരെയാണ് (64) ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ ഹോസ്ദുര്‍ഗ് കോടതികെട്ടിടത്തിന് സമീപമായിരുന്നു പരിപാടി. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് 10.15ഓടെ സദസ്സിന്റെ പിന്നിലിരുന്ന ബാബു ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നു.

ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തും എസ്.ഐ അഖിലും ചേര്‍ന്ന് കസേരയില്‍നിന്ന് ഇയാ?ളെ ബലംപ്രയോഗിച്ച് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്തെത്തിച്ചു. സ്ഥലത്തുനിന്ന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ വീണ്ടും ബഹളമുണ്ടാക്കി. മുഖ്യമന്ത്രിയുടെ പരിപാടിക്ക് തടസ്സമുണ്ടാകുമെന്നായതോടെ ബാബുവിനെ ഹോസ്ദുര്‍ഗ് സ്റ്റേഷന്റെ പൊലീസ് ജീപ്പില്‍ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിക്കുകയും കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജീപ്പിന്റെ വശത്ത് തലയിടിക്കുകയുമായിരുന്നു. ചോര വാര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് മകനെ വിളിച്ചുവരുത്തി ഇയാളെ വിട്ടയച്ചു.

Tags:    

Similar News