പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു; കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു; കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
കൊല്ലം: മയ്യനാട് റെയില്‍വേ സ്‌റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചാത്തന്നൂര്‍ കയിപ്പാട് വിളയില്‍ വീട്ടില്‍ അജി-ലീജാ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് (17) മരിച്ചത്. വൈകിട്ട് നാലരയോടെ സ്‌കൂള്‍ വിട്ട് റെയില്‍വേ സ്റ്റേഷന്‍ മുറിച്ച് കടന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കവെ നേത്രാവതി എക്‌സ്പ്രസ് ഇടിച്ചു വീഴ്ത്തുക ആയിരുന്നു.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എഞ്ചിന് മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്. കൂടെയുണ്ടായിരുന്ന സഹപാഠികള്‍ ദേവനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹപാഠിയെ വലിച്ചു കയറ്റി. തുടര്‍ന്ന് ദേവനന്ദയെ കയറ്റാന്‍ ശ്രമിക്കുമ്പാഴാണ് അപകടം.
ചാത്തന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കുട്ടികള്‍ സാധാരണ മയ്യനാട് ചന്തമുക്കില്‍ നിന്നാണ് ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസില്‍ കയറാന്‍ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികള്‍ ട്രെയിനിന് മുന്നില്‍പ്പെട്ടതറിഞ്ഞ് പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും ഫലമുണ്ടായില്ല.
ട്രെയിനിന്റെ ഹോണിനൊപ്പം എതിര്‍ വശത്ത് നിന്നം ട്രെയിന്‍ പാഞ്ഞെത്തിയപ്പോള്‍ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ ലീജ വിദേശത്താണ്. സഹോദരി: ദേവപ്രിയ. ലീജ നാട്ടില്‍ എത്തുന്നത് അനുസരിച്ച് സംസ്‌ക്കാരം നിശ്ചയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.