മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെതിരെ അക്രമണം. നാദാപുരം സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയായ മുഹമ്മദലിയെ പിടിക്കാനായി പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നാലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.
ഷൊര്‍ണൂരിലെ തട്ടുകടയില്‍ നിന്നും മുപ്പതിനായിരം രൂപയും ബൈക്കും മോഷ്ടിച്ച കേസിലെ പ്രതിയാണ് മുഹമ്മദലി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാദാപുരം ഇരങ്ങണ്ണൂരിലെ വീട്ടിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നാലെ നാദാപുരം പോലീസും വടകര റൂറല്‍ എസ് പിയുടെ സ്ക്വാഡും മുഹമ്മദാലിയെ തേടി വീട്ടിലെത്തി.
എന്നാൽ അന്വേഷണ സംഘത്തിനെതിരെ പ്രതി അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടിലെ ജനല്‍ചില്ല് തകര്‍ത്ത ശേഷം പ്രതി പോലീസിനെ അക്രമിച്ചു. പിന്നാലെ വീടിന്‍റെ കതക് തകര്‍ത്ത് അകത്തു കടന്ന പോലീസ് മുഹമ്മദാലിയെ പിടികൂടിയ ശേഷം ഷൊര്‍ണൂര്‍ പോലീസിന് കൈമാറി. അക്രമത്തില്‍ പരിക്കേറ്റ എഎസ് ഐ എം നൗഷാദ്, റൂറല്‍ എസ് പിയുടെ സ്ക്വാഡ് അംഗം വിവി ഷാജി എന്നിവർ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 2023ല്‍ എടച്ചേരിയില്‍ വെച്ച് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.