തൃശൂരിൽ ജോലി സ്ഥലത്തേക്ക് പോകവെ യുവതിയുടെ ചെയിൻ നഷ്ടമായി; ഒരു പവന്റെ ആഭരണം കണ്ടെത്തി; അന്വേഷണത്തിന് സഹായകമായത് സിറ്റി പോലീസ് നഗരത്തിൽ സ്ഥാപിച്ച ക്യാമറ

Update: 2024-10-23 06:06 GMT

തൃശൂർ: തൃശൂരിൽ യുവതിക്ക് നഷ്ടമായ ഒരു പവന്റെ ആഭരണം കണ്ടെത്താൻ സഹായകമായി സിറ്റി പോലീസ് നഗരത്തിൽ സ്ഥാപിച്ച ക്യാമറ. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് നഷ്ടമായത്. തുടർന്ന് പരാതിയുമായെത്തിയ യുവതിക്ക് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ആഭരണം വീണ്ടടെടുത്ത് നൽകുകയായിരുന്നു പോലീസ്.

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതിയുടെ കൈചെയിൻ നഷ്ടപ്പെട്ടത്. ചേലക്കരയിൽ നിന്നായിരുന്നു യുവതി ബസ് കയറിയത്. തൃശ്ശൂരിൽ വന്നിറങ്ങിയ യുവതി പിന്നീട് ഓട്ടോറിക്ഷയിലാണ് ജോലി സ്ഥലമായ ചേലക്കരയിലേക്ക് പോയത്. ശേഷം ആഭരണം നഷ്ടമായ കാര്യം മനസ്സിലാക്കിയ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.

ആദ്യം കൊടകര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് തൃശ്ശൂർ സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ അവിടെ പരാതി നൽകാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന്, ഉച്ചയോടെ തൃശൂരിൽ എത്തി യുവതി പരാതി നൽകി.

തുടർന്ന് പോലീസ് ക്യാമറ സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ്സിൽ വന്നിറങ്ങിയ യുവതി ഓട്ടോറിക്ഷയിൽ കയറുമ്പോൾ കൈയ്യിൽ ചെയിൻ ഉണ്ടായിരുന്നതായി കണ്ടെത്തി.

എന്നാൽ പിന്നീട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ ഇറങ്ങി കൊടകരയിലേക്ക് ബസ് കാത്തു നിൽക്കുന്ന സമയത്ത് യുവതിയുടെ കയ്യിൽ ചെയിൻ ഉണ്ടായിരുന്നില്ല. ഇതോടെ ഓട്ടോറിക്ഷയിലാവാം ചെയിൻ നഷ്ടമായതെന്ന നിഗമനത്തിലെത്തിയ പോലീസ് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമം നടത്തി.

തുടർന്ന്, ഓട്ടോറിക്ഷ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വണ്ടിയിൽ നിന്നും ചെയിൻ കിട്ടിയിട്ടില്ലന്നാണ് മറുപടി പറഞ്ഞത്. സംശയം തോന്നി പോലീസ് വീണ്ടും ക്യാമറ പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയിൽ തന്നെയാണ് ആഭരണം പോയതെന്ന് വ്യക്തമായി.

തുടർന്ന്, ഉച്ചയോടെ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെ ക്യാമറ കൺട്രോൾ റൂമിലേക്ക് വിളിച്ചു വരുത്തി. എന്നാൽ ഡ്രൈവർ കയ്യിൽ ചെയിനുമായാണ് സ്റ്റേഷനിൽ എത്തിയത്. വണ്ടിയിൽ തിരച്ചിൽ നടത്തിയപ്പോൾ ചെയിൻ കണ്ടെത്തിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ക്യാമറ കൺട്രോൾ ഓഫീസിൽ പോലീസിന്‍റെ സാന്നിധ്യത്തിൽ സ്വർണം യുവതിക്ക് കൈമാറി.

Tags:    

Similar News