കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്നും സ്‌കൂട്ടർ നീക്കിവെക്കണമെന്ന് പറഞ്ഞു; 73കാരനായ സുരക്ഷാ ജീവനക്കാരന് ക്രൂര മർദ്ദനം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

Update: 2025-07-16 09:55 GMT

കൊച്ചി: സൂപ്പർ മാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലുവ ആശാൻ ലൈൻ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മർദനമേറ്റത്. സുരക്ഷാ ജീവനക്കാരനെ മർദിച്ച യൂത്ത് കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം എറണാകുളം ജില്ലാ കോഓർഡിനേറ്റർ കുട്ടമശേരി കുന്നത്ത് കോളായിൽ കെ.ബി.ഇജാസിനെതിരെ ആലുവ പോലീസ് കേസെടുത്തത്. സൂപ്പർ മാർക്കറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിനാണ് ജീവനക്കാരനെ ക്രൂരമായി മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിങ്കളാഴ്ചയാണ് സംഭവം. ആലുവ ചെമ്പകശേരി ജംക്‌ഷനിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് ജീവനക്കാരന് മർദ്ദനമേറ്റത്. സുഹൃത്തിനൊപ്പമാണ് ഇജാസ് സൂപ്പർ മാർക്കറ്റിലെത്തിയത്. കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നും സ്കൂട്ടർ നീക്കിവെക്കണമെന്നുമാണ് ബാലകൃഷ്ണൻ പറഞ്ഞത് പറഞ്ഞത്. ഇതോടെ ഇയാൾ സ്കൂട്ടർ എടുത്ത് മാറ്റാൻ ശ്രമിക്കുമ്പോൾ സ്ഥലത്തെത്തിയ ഇജാസ് ബാലകൃഷ്ണനോട് സംസാരിക്കുകയും പിന്നാലെ മർ‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മുഖത്തും നെഞ്ചിലുമാണ് ബാലകൃഷ്ണന് മർദനമേറ്റത്. അക്രമത്തിൽ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. കണ്ണടയുടെ പൊട്ടിയ ചില്ല് തറച്ച് കണ്ണിനും പരുക്കു പറ്റിയിട്ടുണ്ട്. പരാതിയുമായി വൈകിട്ട് 4 മണിക്ക് സ്റ്റേഷനിൽ എത്തിയ ബാലകൃഷ്ണനെ രാത്രി ഒൻപതു മണിക്കാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ആരോപിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ ബാലകൃഷ്ണൻ പരാതി പിൻവലിക്കില്ലെന്ന് പറഞ്ഞതോടെയാണ് പോലീസ് കേസെടുത്തത്.

Tags:    

Similar News