ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തു; ശരീരമാസകലം കുത്തേറ്റ് അസം സ്വദേശിനി മരിച്ച നിലയിൽ; കൊലയാളി മലയാളിയായ ആരവ് അനയെന്ന് പോലീസ്; പ്രതിക്കായി തെരച്ചിൽ
ബെംഗളൂരു: ബെംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. മലയാളി യുവാവാണ് കൊലപാതക്കത്തിന് പിന്നിലെന്നാണ് സംശയം. അസം സ്വദേശിനിയെ പ്രതി കുത്തിക്കൊലപ്പെടുതുകയായിരുന്നു.
മായാ ഗൊഗോയ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. പ്രതിയായ ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് ലഭിക്കുന്ന വിവരം. ദേഹമാസകലം കുത്തേറ്റ മായാ ഗൊഗോയ് ചോരവാർന്നാണ് മരിച്ചത്. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്.
അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24-ന് വൈകിട്ടോടെ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയ ഇയാൾ പിന്നീട് മടങ്ങി വന്നില്ല. ഇയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.