സി.പി.എം. പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും പിഴയും
സി.പി.എം. പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും പിഴയും
കൊല്ലം: സി.പി.എം. പ്രവര്‍ത്തകരെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായും നല്‍കണം. പന്ത്രണ്ട് വര്‍ഷം മുന്‍പ് നടന്ന കൊലപാതക ശ്രമത്തിനാണ് ശിക്ഷാ വിധി.
കേസിന്റെ വിചാരണഘട്ടത്തില്‍ ഒളിവില്‍പോയ ഒന്നാം പ്രതിയടക്കം നാലു പ്രതികളെ ഇനിയും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടല്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടാംപ്രതി കുളപ്പാടം ഷാലുവിള വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), മൂന്നാംപ്രതി മുട്ടക്കാവ് നവജീവന്‍ ജങ്ഷന്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദ് (26), നാലാംപ്രതി നെടുമ്പന പുന്നൂര്‍ ചാരുവിള ഹബീബ് മന്‍സിലില്‍ ഷഹീര്‍ മുസലിയാര്‍ (32), അഞ്ചാംപ്രതി കുളപ്പാടം പുത്തന്‍കട ജങ്ഷന്‍ ജാബിര്‍ മന്‍സിലില്‍ മുഹമ്മദ് താഹിര്‍ (20), ഏഴാംപ്രതി കുളപ്പാടം പുത്തന്‍കട ജങ്ഷന്‍ സലിം മന്‍സിലില്‍ സലിം(23), എട്ടാംപ്രതി കുളപ്പാടം വിളയില്‍ വീട്ടില്‍ അബ്ദുള്‍ ജലീന്‍ (31), പത്താംപ്രതി തൃക്കോവില്‍വട്ടം ചാരുവിള പുത്തന്‍വീട്ടില്‍ കിരാര്‍ (27) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അസിസ്റ്റന്‍സ് സെഷന്‍സ് ജഡ്ജ് ഡോ. ടി.അമൃതയാണ് ശിക്ഷവിധിച്ചത്.
ഒന്നാംപ്രതി കുളപ്പാടം പുത്തന്‍കട ജങ്ഷന്‍ ജാബില്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വര്‍ (23), ആറാംപ്രതി ഇളവൂര്‍ അഭിലാഷ് ഭവനില്‍ ഷാന്‍ (26) എന്നിവര്‍ വിചാരണയ്ക്കിടയില്‍ലാണ് ഒളിവില്‍പ്പോയത്. ഒന്‍പതാം പ്രതി ഷാഫിയും പതിനൊന്നാം പ്രതി ഹുസൈനും നേരത്തേതന്നെ ഒളിവിലാണ്. 2012 ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടിന് കണ്ണനല്ലൂര്‍ കുളപ്പാടം ജങ്ഷനിലായിരുന്നു സംഭവം. സി.പി.എം. പ്രവര്‍ത്തകരായ നിസാം, രഞ്ജിത്ത്, സെയ്ഫുദ്ദീന്‍ എന്നിവരെ വാളും കമ്പിവടിയും കൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. രഞ്ജിത്തിന്റെയും സെയ്ഫുദ്ദീന്റെയും പരിക്ക് ഗുരുതരമായതിനാല്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി. തൊണ്ടിമുതലായി മൂന്നു വാളും മൂന്നു കമ്പിവടിയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ചാത്തന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊട്ടിയം സി.ഐ. ആയിരുന്ന എസ്.അനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് ദാസ് പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.