കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടി; പരിശോധനയിൽ കണ്ടത് ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ; രക്ഷിച്ച് അഗ്നിരക്ഷാസേന

Update: 2025-11-13 09:42 GMT

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവറിൻ്റെ നാലാം നിലയിൽ ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാർ മൂങ്ങയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിൻ്റെ നാലാം നിലയിലെ ഗ്ലാസ് പാളികൾക്കിടയിൽ അത് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

ഉടൻ തന്നെ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് ഓഫീസർ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരുന്ന വെള്ളിമൂങ്ങയെ പുറത്തെത്തിക്കുകയായിരുന്നു. മൂങ്ങയെങ്ങനെയാണ് ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിയതെന്ന് വ്യക്തമല്ല.

രക്ഷപ്പെടുത്തിയ വെള്ളിമൂങ്ങയെ അഗ്നിരക്ഷാസേനയുടെ നെടുമങ്ങാട് ഓഫീസിലെത്തിച്ച് പിന്നീട് പാലോട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. വെള്ളിമൂങ്ങകൾ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസം നിലവിലുള്ളതിനാൽ ഇവയെ ഉയർന്ന വിലയ്ക്ക് രഹസ്യമായി വിൽക്കാറുണ്ട്. എന്നാൽ, വെള്ളിമൂങ്ങകളെ കൈവശം വെക്കുന്നതും കടത്തുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് അധികൃതർ അറിയിച്ചു. 

Tags:    

Similar News