വാടകവീട്ടിൽ ലഹരിവിൽപ്പന നടത്തുന്നതായി രഹസ്യ വിവരം; പോലീസിനെ കണ്ടതും കഴുത്തില്‍ കത്തിവെച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവാവും യുവതിയും; പിടിച്ചെടുത്തത് എംഡിഎംഎ
അരൂർ: അരൂരിൽ വാടകവീട്ടിൽ നിന്ന് 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. കോഴിക്കോട് ഫറോക്ക് കറുവന്‍തിരുത്തി വെളുത്തേടത്ത് ശ്രീമോനെ (29) ആണ് സാഹസികമായി പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായ യുവതിക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ബുധനാഴ്ച പുലർച്ചെ നടന്ന ഈ സംഭവം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണ്.
രഹസ്യവിവരത്തെ തുടർന്ന് അരൂർ പോലീസും നർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഒന്നരമാസം ശ്രീമോൻ സെയ്ന്റ് അഗസ്റ്റിൻസ് സ്കൂളിന് പടിഞ്ഞാറുള്ള 'തങ്ക തീരം' എന്ന വീട് വാടകയ്ക്കെടുത്തിരുന്നു. ഇവിടെ ലഹരിവിൽപന നടക്കുന്നതായി ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എത്തിയ പോലീസ് നിരീക്ഷണം നടത്തുന്നതിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി.
ഡെലിവറി ബോയിക്കൊപ്പം വീട്ടില്‍ പ്രവേശിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതി പെട്ടെന്ന് വാതിലടച്ചു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നതോടെ യുവാവും യുവതിയും കൈയ്യിൽ കരുതിയിരുന്ന കത്തി കഴുത്തിൽ വച്ച് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പിന്നീട് ഇവരെ അനുനയിപ്പിച്ച് കത്തി പിടിച്ചെടുത്ത ശേഷം നടത്തിയ തിരച്ചിലിലാണ് 430 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. റെയ്ഡ് നടപടികൾ പൂർത്തിയായത് രാവിലെ 11 മണിയോടെയാണ്.