ബിന്ദുവിന്റെ കുടുംബത്തെ ഫോണല്‍ വിളിച്ചു മന്ത്രി ആര്‍ ബിന്ദു; കുടുംബത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം കൈത്താങ്ങാകും; വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കുചേരുന്നതായി വിശ്രുതനെ അറിയിച്ചു. മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.