തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര മേഖലകളിൽ താമസിക്കുന്നവർ സൂക്ഷിക്കണം; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

Update: 2025-11-09 02:04 GMT

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് യാതൊരുവിധ തടസ്സവുമില്ല.

ഇടിമിന്നൽ വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്നും, മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഹാനികരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് കൂടാതെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ, കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ തന്നെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News