കേരളത്തില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; കന്യാകുമാരി തീരത്ത് കടലാക്രമണത്തിനും സാധ്യത

Update: 2025-04-09 10:38 GMT

തിരുവനന്തപുരം: കേരളത്തിലെ ചില ജില്ലകളില്‍ വേനല്‍ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, ഇന്നും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലായാണ് അടുത്ത രണ്ടുദിവസത്തേക്ക് മഴക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.

ഏപ്രില്‍ 9ന് കോഴിക്കോട്, വയനാട് ജില്ലകളിലും, ഏപ്രില്‍ 10ന് മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിക്കോടിയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇതിനൊപ്പം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ നാളെ ഉച്ചയ്ക്ക് 2.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്‍ പ്രകാരം, കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News